Friday, January 23, 2009

ചിത്രകാരന്‍, സൈബര്‍ കേയ്സ്ഇത് സെബിന്റെ “പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും എന്ന പോസ്റ്റിനിട്ട കമന്റാണ്. ഈ വിഷയത്തിലുള്ള പൊതുവായ ചര്‍ച്ച അവിടെത്തന്നെ തുടരാന്‍ താല്പര്യം.

എന്റെ പത്തു പൈസ...


രൂക്ഷവും, പലപ്പോഴും അസഭ്യവുമായ ഭാഷയാണ്‌ ചിത്രകാരന്‍ ഉപയോഗിക്കുന്നത്‌. ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍പോലും ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ലാത്ത രീതിയില്‍ അയാള്‍ വഷളാക്കിക്കളയും. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അടിസ്ഥാനധാരണപോലുമില്ലാതെയാണ്‌ അയാള്‍ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്‌. പഠനങ്ങളുടെയോ സാമാന്യവായനയുടെയോ പോലും പിന്‍ബലമില്ലാതെ ചില സാമൂഹ്യ-ജാതീയ ധാരണകളെ പിന്‍പറ്റി ചിത്രകാരന്‍ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതുകാണാറുണ്ട്‌.

അതേസമയം കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി ജീവിതം തള്ളിനീക്കേണ്ടിയിരുന്ന ജനവിഭാഗങ്ങളുടെ ഫോം ഓഫ്‌ എക്സ്പ്രെഷന്‍ സോഫിസ്റ്റിക്കേറ്റഡായിരിക്കണമെന്ന് വാശിപിടിക്കുന്നത്‌, മിതമായിപ്പറഞ്ഞാല്‍ ഫ്യൂഡലാണ്‌, പ്രത്യേകിച്ച്‌ മേല്‍പ്പറഞ്ഞ സോഫിസ്റ്റിക്കേഷന്‍ നിര്‍വ്വചിക്കുന്നത്‌/നിര്‍വ്വചിച്ചിട്ടുള്ളത്‌ വരേണ്യര്‍ അവരുടെ വാല്യൂസിസ്റ്റത്തില്‍ നിന്നാണെന്നുവരുമ്പോള്‍. അസഭ്യം ചെയ്യുന്നവനേക്കാള്‍ അതു പറയുന്നവന്‍ മോശക്കാരനാകുന്നത്‌ ഈയൊരു സാഹചര്യത്തിലാണ്‌. ഭാഷാശുദ്ധി, ഏതു സമൂഹത്തിലും, ഒരു ഫ്യൂഡല്‍ നോഷനാണ്‌. ചിത്രകാരന്റെ കാര്യത്തില്‍ അത്രകണ്ട്‌ പ്രസക്തമല്ലെങ്കിലും തെറി ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നില്ല.

കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ്‌ സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. സെബിന്‍ സൂചിപ്പിച്ചതുപോലെ അധികാരകേന്ദ്രങ്ങളുമായുള്ള പ്രോക്സിമിറ്റിയും (ശ്രദ്ധിക്കുക, അധികാരകേന്ദ്രങ്ങളുമായുള്ള എന്നാണുപയോഗിച്ചത്‌, അധികാരവുമായുള്ള എന്നല്ല. പഞ്ചായത്‌ തിരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ മത്സരിക്കുമ്പോഴേക്കും "അവള്‍ പോക്കാണെ"ന്നുള്ള പൊതുധാരണകളെ ഞാന്‍ സബ്സ്ക്രൈബ്‌ ചെയ്യുന്നില്ല) താരതമ്യേന അയഞ്ഞ വിവാഹനിയമങ്ങളും നമ്പൂതിരിസമുദായത്തിലെ തലതിരിഞ്ഞ വിവാഹരീതികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരു സാമൂഹികപരിസരമായിരിക്കണം അതിനു പ്രധാന കാരണം. ഇതില്‍ ആ സ്ത്രീകള്‍ പ്രാഥമികമായി ഇരകളാണ്‌.

ലോറി നിര്‍ത്തി ടി.ജി.രവി കയറിപ്പോകുന്ന വീട്ടിലെ ഇറുകിയ ബ്ലസിട്ട, തിരിച്ചുപോരുമ്പോള്‍ കുപ്പായത്തിനുള്ളില്‍ തിരുകപ്പെടുന്ന നോട്ടിന്റെ സ്പര്‍ശത്തില്‍ ഇക്കിളിപ്പെട്ട്‌ അശ്ലീലച്ചിരിചിരിക്കുന്ന, നടപ്പുകാലത്തെ വേശ്യയുമായി തികച്ചും വ്യത്യസ്തമായ വേറൊരുകാലത്തിലെ സ്ത്രീസമൂഹത്തിനെ താരതമ്യം ചെയ്യുന്നതിനോട്‌ യോജിക്കാനാവില്ല. നിലവിലുള്ള സദാചാരനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ വിധിക്കുന്നത്‌ നീതികേടാണ്‌, അതാണ്‌ ചിത്രകാരന്‍ പലപ്പോഴും ചെയ്യുന്നതും.

ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത്‌ ബഹുസ്വരസമൂഹത്തില്‍ അംഗീകരിക്കാവുന്ന പ്രവണതയല്ല. വംശവെറിയുടെ ട്രേയ്റ്റുകള്‍ ചിത്രകാരന്റെ പല പോസ്റ്റുകളിലും കാണാം. ഒരിക്കല്‍പ്പോലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നുന്ന സമുദായത്തെപ്പറ്റി വിമര്‍ശനാത്മകമായി ഒന്നും എഴുതിക്കണ്ടിട്ടില്ല. സ്വന്തം ജാതിയുടെ ഒരു ഊത്തുകുഴലായാണ്‌, ഒരു വിശാലമാനവികതയുടെ നിലപാടില്‍നിന്നല്ല ചിത്രകാരന്‍ നായര്‍ സമുദായത്തെ സമീപിക്കുന്നത്‌. ഈഴവര്‍ പണ്ട്‌ ബ്രാഹ്മണരായിരുന്നെന്നോ മറ്റോ ഒക്കെ പറയുമ്പോള്‍ ബ്രാഹ്മണ്യത്തെ അതേ നിലയില്‍ പിന്‍പറ്റുകയാണ്‌ ചിത്രകാരന്‍ ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍, ആശയപരമായി, ചിലപ്പോഴെങ്കിലും നായര്‍ സമുദായം അര്‍ഹിക്കുന്നതായിരിക്കാം, പക്ഷേ വിമര്‍ശിക്കപ്പെടുന്നത്‌ ആ സമുദായത്തിലെ പ്രതിലോമപരതയല്ല എന്നുവരുമ്പോഴാണ്‌ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്‌. ബ്രാഹ്മണ്യത്തെ ഏതളവിലും അധിക്ഷേപിക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല, എന്നുവച്ച്‌ വല്ല അമ്പലത്തിലും പൂജചെയ്തു ജീവിക്കുന്ന ബ്രാഹ്മണനെ ദിവസവും തെറിവിളിച്ചാലോ?

പ്രശ്നം കാസ്റ്റിന്റേതല്ല, കാസ്റ്റ്‌ ഹൈറാര്‍ക്കിയുടേതാണ്‌; അല്ലെങ്കില്‍ ഹൈറാര്‍ക്കിതന്നെയാണ്‌ പ്രശ്നം. തലപ്പിള്ളി, വള്ളുവനാട്‌ പ്രദേശങ്ങളിലെ നമ്പൂതിരി-അമ്പലവാസി വിഭാഗങ്ങള്‍ നായര്‍ സ്ത്രീകളെപ്പറ്റിയും, നായര്‍ സമുദായാംഗങ്ങള്‍ ഈഴവരെപ്പറ്റിയും, വടെക്കേ മലബാറിലെ ഈഴവര്‍ ദളിതരെപ്പറ്റിയും പറയുന്ന ക്രൂരമായ തമാശകള്‍ക്ക്‌ പലതവണ സാക്ഷിയാവേണ്ടിവന്നിട്ടുണ്ട്‌. (രൂപത്തില്‍ത്തന്നെ ദളിത്‌ ഛായയുള്ള ഒരു മുതിര്‍ന്ന സുഹൃത്തിന്റെ കൂടെ വടക്കേ മലബാറിലെ ഒരു കുടുംബത്തില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു ഒരിക്കല്‍. സ്വാതന്ത്ര്യസമരകാലത്ത്‌ തുടക്കത്തില്‍ കോണ്‍ഗ്രസ്സുകാരനും പിന്നീട്‌ കമ്യൂണിസ്റ്റുകാരനുമായി ഇരുപതുകൊല്ലം ജയിലിലും ഒളിവിലുമായിക്കഴിഞ്ഞ്‌ ഒടുവില്‍ ചതിച്ചുകൊല്ലപ്പെട്ട ഒരു വിപ്ലവകാരിയുടെ വീടായിരുന്നിട്ടുകൂടി "ഓന്‍ പൊലേനാ?" എന്ന ചോദ്യം ചെവിയില്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌). ഈ തമാശകളിലെ നിന്ദയുടെ അളവില്‍ പറയത്തക്ക ഏറ്റക്കുറച്ചിലുകളൊന്നും തോന്നിയിട്ടില്ല. പക്ഷേ സമുദായാഭിമാനത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടിട്ടുണ്ട്‌. കാര്യമായ നവോദ്ധാനമൊന്നും നടന്നിട്ടില്ലാത്തതിനാലാവണം, നായര്‍ സമുദായം ഒരു സ്വയം പരിശോധനക്ക്‌ മുതിരാറില്ലെന്നു തോന്നിയിട്ടുണ്ട്‌. തനിക്കുതാഴെയുള്ളവരോടുള്ള നിന്ദാമനോഭാവത്തില്‍ ജാതികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും തന്റെ സമുദായത്തിന്റെ പേരിലുള്ള മിഥ്യാഭിമാനത്തില്‍ നായര്‍ മുന്നില്‍ത്തന്നെ.

"ആണത്തം വേണമെ"ന്നും "ക്ഷൗരം ചെയ്തുകൂടേ"യെന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലൂടെ ചിത്രകാരനും പിന്‍പറ്റുന്നത്‌ ഇതേ ഹൈറാര്‍ക്കിയെയാണ്‌. ഒരു വാദത്തിനുവേണ്ടി നായര്‍ സ്ത്രീകളെല്ലാം വേശ്യകളാണ്‌/ആയിരുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ അംഗീകരിച്ചാല്‍ത്തന്നെ അതിന്റെ ഉത്തരവാദികള്‍ അന്നത്തെ പാട്രിയാക്കല്‍ അധികാരഘടനയായിരുന്നു എന്നതില്‍ സംശയമില്ല. "ആണത്ത"ത്തിലൂടെ പാട്രിയാര്‍ക്കിയെയും "ക്ഷൗര"ത്തിലൂടെ ബ്രാഹ്മണിസത്തേയും ചിത്രകാരന്‍ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നുമുണ്ട്‌. അപ്പോള്‍ ചിത്രകാരനും കൂടി ഉത്തരവാദിയാകുന്ന ഒരു കുറ്റത്തിനേയാണ്‌ അദ്ദേഹം വിചാരണ ചെയ്യുന്നത്‌. ഈ വൈരുദ്ധ്യം അദ്ദേഹത്തിന്റെ നിലപാടുകളില്‍ പൊതുവയുണ്ട്‌.

പക്ഷേ ഇതൊന്നുംതന്നെ അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കൈവയ്ക്കാനുള്ള ന്യായീകരണമാകുന്നില്ല. അവയ്ക്ക്‌ ഒരടിസ്ഥാനവുമില്ലായിരിക്കാം, സബ്സ്റ്റാന്‍ഷ്യേറ്റ്‌ ചെയ്യുന്ന ഒരു തെളിവും അയാള്‍ക്ക്‌ വയ്ക്കാനില്ലായിരിക്കാം, അതൊന്നുമില്ലാതെയും വെറും അഭിപ്രായങ്ങള്‍ പറയാമല്ലോ. നായര്‍ സ്ത്രീകള്‍ വേശ്യകളാണെന്ന് ചിത്രകാരന്‌ അഭിപ്രായമുണ്ടെങ്കില്‍ അതയാള്‍ പറയട്ടെ, അതയാളുടെ അഭിപ്രായം. വ്യക്തികളെ പോയന്റ്‌ ചെയ്യാത്തിടത്തോളം അതൊരു പ്രശ്നമായെടുക്കാതിരിക്കാനുള്ള ജനാധിപത്യബോധം പൊതുസമൂഹത്തിനുണ്ടാകേണ്ടതാണ്‌. അതില്‍ കഴമ്പില്ലെന്നു തോന്നുന്നപക്ഷം അയാള്‍ ഉപയോഗിച്ച കള്‍ച്ചറല്‍ സ്ഫിയര്‍ ഉപയോഗിച്ചുതന്നെ ആ അഭിപ്രായത്തെ ഖണ്ഡിക്കാവുന്നതാണ്‌. ഇനി അതല്ല ചിത്രകാരന്റെ നിലവാരത്തിലേക്ക്‌ താഴാന്‍ തയ്യാറുള്ളപക്ഷം ഈഴവസ്ത്രീകളെല്ലാം വേശ്യകളാണെന്നോ അവരുടെ ആണുങ്ങളെല്ലാം കൂട്ടിക്കൊടുപ്പുകാരാണെന്നോ തിരിച്ചൊരഭിപ്രായം പറയാവുന്നതുമാണ്‌. രണ്ടിനും തലക്ക്‌ ഓളമാണെന്ന് നമുക്കും പറയാം.ഇനി ചിത്രകാരനെതിരെ വാളോങ്ങുന്നവരുടെ കാര്യം...

ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത്‌ ആര്‍ക്കും ഓപ്റ്റ്‌ ചെയ്യാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച്‌ അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്‍ക്കുന്നവര്‍, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്‌.

ശ്രദ്ധേയമായ മറ്റൊന്ന് ഇപ്പോള്‍ ചിത്രകാരനെതിരെ, അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ, പൊതുവായ സംഘപരിവാര്‍ ബാക്‍ഗ്രൗണ്ടാണ്‌. ഇത്രയും കാലം ബ്ലോഗില്‍ ഹൈന്ദവതക്കുവേണ്ടി ഘോരഘോരം വാദിച്ചവര്‍ തൊലിപ്പുറത്തൊന്നു പോറിയപ്പോള്‍ ഹിന്ദു ലേയ്ബലൊക്കെ വിട്ട്‌ ജാതിയില്‍ മാമോദീസമുങ്ങിനിവര്‍ന്നതുകാണാന്‍ രസമുണ്ട്‌. മിക്കവാറും എല്ലാ "ഹിന്ദുസഹോദരങ്ങ"ളുടെയും പൂച്ചു പുറത്തുവന്നു എന്നതാണ്‌ ഒരുപക്ഷേ ഈ വിവാദത്തിന്റെ ഔട്‌പുട്‌. പഴയകാലത്തായിരുന്നെങ്കില്‍ ചിത്രകാരന്റെ കുടിലുകത്തിച്ച്‌ നമ്പൂരിയെക്കൊണ്ട്‌ പാട്ടമൊഴിപ്പിക്കാമായിരുന്നു, ഇപ്പോള്‍ എല്ലാ അണ്ടന്റെയും അടകോടന്റെയും ജനാധിപത്യമല്ലേ, മെറിറ്റിനൊക്കെ വല്ല വിലയുമുണ്ടോ?

തെളിയിക്കപ്പെടുന്നവ വസ്തുതകളാണ്‌, തെളിയിക്കപ്പെടാനിരിക്കുന്നതോ ഒരിക്കലും തെളിയിക്കപ്പെടാനിടയില്ലത്തതോ ആയവ അഭിപ്രായങ്ങളും. വസ്തുതകളെപ്പറ്റി മാത്രം സംസാരിക്കാന്‍ മാത്രമുള്ളതല്ല അഭിപ്രായസ്വാതന്ത്ര്യം, അത്‌ ഒരടിസ്ഥാനവുമില്ലാത്തവയെപ്പറ്റിക്കൂടി സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ്‌. , ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ പൂര്‍ണ്ണമായോ ഭാഗികമായോ തെറ്റാണെന്ന് പൊതുസമൂഹത്തിന്‌ ബോധ്യമുള്ള കാര്യങ്ങള്‍ പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യം ചിത്രകാരനുണ്ട്‌. അത്‌ തെറ്റാണെങ്കില്‍ സ്ഥാപിക്കേണ്ടത്‌ കോടതിയില്‍വച്ചല്ല. സാസ്കാരിക-ജനാധിപത്യ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്‌ ചിതലരിച്ച നിയമപുസ്തകങ്ങളിലെ വരികളല്ല. സംസ്കാരം പരാജയപ്പെടുന്നിടത്താണ്‌ നിയമത്തിന്‌ ഇടപെടേണ്ടിവരുന്നത്‌. നിയമം അനുശാസിക്കുന്നത്‌ ഒരു വിശുദ്ധപുസ്തകമെന്നപോലെ അനുസരിക്കേണ്ട ബാധ്യത സാംസ്കാരികലോകത്തിനില്ല. നിയമം വെറും കോഡിഫൈഡ്‌ കോമണ്‍സെന്‍സാണ്‌, സംസ്കാരം അതിസങ്കീര്‍ണ്ണമായ ഒരു ഫ്ലക്സും.

ഞാന്‍ ചിത്രകാരനോട്‌ വിയോജിക്കുന്നു, പക്ഷേ എന്നോടു വിയോജിക്കാനുള്ള ചിത്രകാരന്റെ അവകാശം എനിക്ക്‌ പരമപ്രധാനമാണ്‌, ഈ പ്രശ്നത്തില്‍ അദ്ദേഹത്തിന്‌ ഞാന്‍ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നു.

5 comments:

വക്കാരിമഷ്‌ടാ said...

"ശ്രദ്ധേയമായ മറ്റൊന്ന് ഇപ്പോള്‍ ചിത്രകാരനെതിരെ, അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ, പൊതുവായ സംഘപരിവാര്‍ ബാക്‍ഗ്രൗണ്ടാണ്‌"

ആ കണ്ടുപിടുത്തത്തിന് ഫൂള്‍ മാര്‍ക്ക്. എയിതര്‍ യൂവാര്‍ വിത്ത് മീ ഓര്‍ യൂവാര്‍ വിത്ത് ദെമ്മ്‌ എന്ന് പണ്ടാരോ പണ്ടാരവും പറഞ്ഞിരുന്നു :)

ആല്‍‌ക്കഹോളിക് അനോണിമസ്സ് said...

നല്ല നിലപാടാണല്ലോ ചന്ത്രക്കാരന്‍..

ചെറിയ ചില വിയോജിപ്പുകള്‍ :
"വ്യക്തികളെ പോയന്റ്‌ ചെയ്യാത്തിടത്തോളം അതൊരു പ്രശ്നമായെടുക്കാതിരിക്കാനുള്ള ജനാധിപത്യബോധം പൊതുസമൂഹത്തിനുണ്ടാകേണ്ടതാണ്‌"

എനിക്ക് തിരിച്ചാണ് തോന്നുന്നത്. ഫ്യൂഡല്‍ വ്യവസ്ഥയുടെ ശവം താങ്ങി നടക്കുന്നവരെ പോയന്റ് ചെയ്ത് വിമര്‍ശിക്കുകയാണ് വേണ്ടത്. മറിച്ച് ഒരു സമൂഹത്തെ മുഴുവനും പ്രൊഫൈലിംഗ് നടത്തിയാല്‍ എങ്ങനെ അവഗണിക്കാന്‍ അതിലുള്ള പലര്‍ക്കും കഴിയും? ബ്ലോഗില്‍ തന്നെ എന്‍ എസ് എസ് ഭരണകേന്ദ്രത്തേയും മന്നത്ത് പത്മനാഭനെ വരേയും ഇഴകീറി വിമര്‍ശിക്കുന്ന, മൂര്‍ച്ചയുള്ള ഭാഷയില്‍ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഉണ്ടല്ലോ? അതിനെതിരെയൊന്നും വരാത്ത അനിഷ്ടം ഇവിടെ തോന്നുന്നത് റേഷ്യല്‍ പ്രൊഫൈലിംഗിന്റെ വകഭേദം ഇവിടെ കണ്ടു എന്നതാണെന്ന് തോന്നുന്നു. അതും വളരെ മോശമായ രീതിയില്‍. ബ്രിട്ടനില്‍‍ ഇന്നത്തെ ഇന്ത്യക്കാരെ "കൂലി" എന്ന് ഹിസ്റ്ററി നോക്കി വിളിക്കാന്‍ കഴിയുമോ? എല്ലാ ഇന്ത്യക്കാരും കൂലികളും ആയിരുന്നില്ല. ചന്ത്രക്കാരന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് കൊണ്ട് വീണ്ടും പറയുന്നില്ല.

അഭിപ്രായസ്വാതന്ത്ര്യം വേണ്ടത് തന്നെയാണ്.
എങ്കിലും അതിന് വ്യക്തമായ അതിര്‍‌വരമ്പുകള്‍ ഉണ്ട്. അപമാനിക്കാന്‍ സ്വാതന്ത്ര്യം വേണം എന്നു പറയുമ്പോള്‍ അപമാനിക്കപ്പെടാതിരിക്കാന്‍ വേറൊരുവന് അവകാശവുമുണ്ട്.

ചാളമണം കവിത വായിച്ചിട്ട് അരിശം തോന്നിയവരെല്ലാം ആ മണമുള്ളവരായിരുന്നോ? അല്ലല്ലോ.
ഒരു പ്രൊഫൈലിംഗിനെതിരെയാണ് അന്ന് പ്രതികരണം വന്നത് എന്ന് വിശ്വസിക്കുന്നു.

പൊന്നമ്പലം ഈ രീതിയില്‍ പ്രതികരിച്ചു. അത് ശരിയാണെന്ന് വിശ്വസിക്കുന്നില്ല. എങ്കിലും ഹേറ്റ് സ്പീച്ചുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഒക്കെ വേണം എന്നും വിശ്വസിക്കുന്നു.

ഈ പോസ്റ്റിന് നന്ദി.

ധ്രഷ്ടദ്യുമ്നന്‍ said...

നല്ല പോസ്റ്റും, പ്രതികരണവും. ചിത്രകാരന്റെ ആശയ്ങ്ങളോടൊ, ഭാഷയോടോ യോജിക്കാന്‍ ഇരുവര്‍ക്കും പറ്റുന്നില്ല, പക്ഷെ ആവിഷ്കാര സ്വതന്ത്ര്യവും ഹനിക്കപ്പെടാനും പറ്റില്ല. എന്തു ചെയ്യാന്‍ സാധിക്കും. അതാണു ചര്‍ച്ച ചെയ്യേണ്ടതു.

Rajeeve Chelanat said...

പൂര്‍ണ്ണമായും യോജിക്കുന്നു. സെബിന്റെ പോസ്റ്റ് കണ്ടിട്ടില്ല..
രാജീവ്

ചാര്‍വാകന്‍ said...

ചന്ദ്രക്കാരന്റെ പോസ്റ്റിനോട് യോജിച്ചു കൊണ്ട് ഒരുകാര്യം സൂചിപ്പിക്കട്ടേ,
നല്ല തെളിച്ചമുള്ളമനുഷ്യന്‍ എന്നുവിശേഷിപ്പിക്കുന്ന വ്യക്തിപോലും ,
ജാതി തള്ളിമുന്നോട്ടുവരുമ്പോള്‍ ,ജാതിയുടെ സ്വാധീനം
സമൂഹത്തിലെത്രയുണ്ടന്ന് കണ്ടു ഞെട്ടും .
ജാതിവ്യവസ്ഥയൊരു ഭീമാകരമായ പാറയാ..
കാലകാലങ്ങളായി ചാട്ടവാറടി കൊണ്ടിട്ടും ,ക്യാ ഫലം ?
കൊച്ചുകൊച്ചു തമരടിച്ച് ചിലകഷണങ്ങള്‍ പൊട്ടിച്ചതൊഴിച്ചാല്‍,
അതങ്ങനെ തന്നേ തുടരും .വെക്കേണ്ടത് ഡൈനമിറ്റാണ്.
അതാരുവെക്കും ,അതിനുള്ള കെല്പ് ആര്‍ക്ക്..?
ഇവിടുത്തെ നായര്‍ക്കൊരഹത്തയുള്ളത്.,ഹിന്ദുവിന്റേയും ,ഹിന്ദുസം സ്കാരഹ്തിന്റേയും
സവര്‍ണ്ണ ജാതികളുടേയും ,ഹോള്‍സെയില്‍ ഏജന്റെന്മാരാണന്ന്.
ഈ പറയുന്ന കിടിങ്ങാമണിയൊക്കെ,വ്യാജമാണന്നും ,
ബ്രാഹ്മണീക്കല്‍,ചൂഷണത്തിന്റെ ഇരയാണന്നും ,ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നമ്പൂരാര്,പുച്ചിക്കുന്നതിന്റെ -പത്തുമടങ്ങ് താഴോട്ടുവിടാനുള്ള ഈപരിഷകളൂടെ
കൊമ്പൊടിക്കുവാന്‍ ചിത്രകാരന്റെ ഭാഷപോലും പോരാ...