Thursday, January 1, 2009

കോവാലകൃഷ്ണനുള്ള മറുപടി - ആപ്പിളില്‍ ഗ്നു/ലിനക്സ്‌ ഓടിച്ചാല്‍ എന്തു പറ്റും?

കോവാലകൃഷ്ണന്റെ പോസ്റ്റിന്‌ എഴുതിയ കമന്റാണിത്‌.. ആദ്യത്തെയും രണ്ടാമത്തെയും കമന്റുകള്‍ അവിടെത്തന്നെ ഉണ്ട്‌, മൂന്നാമത്തേത്‌ ഇവിടെ മാത്രമേ ഉള്ളൂ, അവിടെ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

ഇനിയും ഒരേ കാര്യം എത്ര തവണകൂടി പറയേണ്ടിവരും എന്നറിഞ്ഞുകൂടാ.

താങ്കളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കട്ടെ, അവക്കുള്ള ഉത്തരങ്ങളും. നമ്പറിട്ടവ താങ്കളുടെ വാദങ്ങളാണ്‌, അതിനു താഴെയുള്ളവ ഉത്തരങ്ങളും.


1. ഹാര്‍ഡ്‌വേര്‍ ഉണ്ടാക്കുന്നവര്‍ക്ക്‌ അതില്‍ ഏത്‌ ഓപ്പറേയ്റ്റിംഗ്‌ സിസ്റ്റം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ ഓടിക്കണമെന്ന് അവരുടെ ടേംസ്‌ ഓഫ്‌ യൂസ്‌ വഴി ഇന്‍സിസ്റ്റ്‌ ചെയ്യാം


പറ്റില്ല. ഇനി അഥവാ ചെയ്താലും നിയമപരമായ സംരക്ഷണം അത്തരമൊരു വ്യവസ്ഥക്ക്‌ കിട്ടില്ല.

ഹാര്‍ഡ്‌വേര്‍ ഒരു കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടി അല്ല, ഒരു ഫിസിക്കല്‍ ഡിവൈസാണ്‌, ഹാര്‍ഡ്‌വെയറിന്റെ ഡിസൈന്‍ കോപ്പിറൈറ്റ്‌ ചെയ്യാം, പക്ഷേ നിങ്ങളുടെ മുന്‍പിലിരിക്കുന്ന പെട്ടിയില്‍ നിങ്ങള്‍ക്കു തോന്നിയതു ചെയ്യാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറില്‍ ഓടുന്ന ഫേംവെയറുകളെ സംബന്ധിച്ചാണെങ്കില്‍ അത്തരം സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും തരത്തില്‍ തിരുത്താനോ (സോഴ്സില്ലാതെ എങ്ങനെ തിരുത്തും എന്നത്‌ വേറെക്കാര്യം) തിരുത്തി ഉപയോഗിക്കാനോ ഉപഭോക്താവിന്‌ അധികാരമില്ല. അതേ സമയം അത്തരമൊരു സോഫ്റ്റ്‌വെയര്‍ മൊത്തത്തില്‍ എടുത്തുമാറ്റി വേറൊന്ന് സ്ഥാപിക്കാനോ ഉപയോഗിക്കാനോ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാവിന്റെ അനുവാദം ആവശ്യമില്ല. ഉദാഹരണമായി ആപ്പിളിന്റെ ബൂട്‌ലോഡര്‍ മാറ്റി ഗ്രബ്‌ ഉപയോഗിക്കുന്നതിനെറ്റിരെ ഒന്നും ചെയ്യാന്‍ ആപ്പിളിന്‌ കഴിയില്ല. (ഇനി അഥവാ കഴിയുമെന്നാണെങ്കില്‍ പവര്‍ പിസി ആര്‍ക്കിടെക്ചറില്‍ വര്‍ഷങ്ങളായി ഓടുന്ന ലിനക്സ്‌ പോര്‍ട്ടിനെപ്പറ്റി ആപ്പിള്‍ ഇതുവരെ കേട്ടിട്ടില്ലെന്നോ, നിയമനടപടി സ്വീകരിക്കാന്‍?). വില്‍ക്കപ്പെടുന്ന കമ്മോഡിറ്റിയെന്ന നിലക്ക്‌ ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ്‌ ചെയ്യാന്‍ കഴിയില്ല. ടേംസ്‌ ഓഫ്‌ യൂസ്‌ വയലേയ്റ്റ്‌ ചെയ്യുന്ന പക്ഷം വിറ്റയാള്‍ക്ക്‌ വിലപ്പനവസ്തുവിലുള്ള ഉത്തരവാദിത്വം അവസാനിക്കുന്നു എന്നു മാത്രം. വാറണ്ടി, ആഫ്റ്റര്‍ സേയ്‌ല്‌ സര്‍വീസ്‌ തുടങ്ങിയവക്കുള്ള ബാധ്യത, അങ്ങനെയെന്തെങ്കിലും നിയമപ്രകാരമോ കരാര്‍ പ്രകാരമോ ഉണ്ടെങ്കില്‍, വിറ്റയാള്‍ക്കില്ല - അതാകട്ടെ ഒരു നിയമപ്രശ്നവും സൃസ്ടിക്കുന്നില്ല, ലിനക്സോ മറ്റേതെങ്കിലും ഓപ്പറേയ്റ്റിംഗ്‌ സിസ്റ്റമോ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്പിള്‍ സിസ്റ്റവുമായി ഉപഭോക്താവ്‌ ആപ്പിളിനെ വാറണ്ടിക്ക്‌ സമീപിക്കാത്തിടത്തോളം കാലം. ഉപഭോക്താവിന്‍ വാറണ്ടിയോ ആഫ്റ്റര്‍ സേയ്‌ല്‌ സര്‍വീസോ നിഷേധിക്കപ്പെട്ടേക്കാം, അതിലപ്പുറം ആപ്പിളിനൊന്നും ചെയ്യാനാകില്ല.

ഉപഭോക്താവിന്‌ ആപ്പിളിന്റെ ഹാര്‍ഡ്‌വെയരും സോഫ്റ്റ്‌വെയറും വാങ്ങാനും ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കാനും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കാനും മറ്റേതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും അധികാരമുണ്ട്‌. അതേ സമയം ആപ്പിള്‍ അവരുടെ കമ്പ്യൂട്ടറിന്റെ കൂടെ മാത്രം ഉപയോഗിക്കാന്‍ ലൈസന്‍സ്‌ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഭാഗികമായോ പൂര്‍ണ്ണമായോ തിരുത്തിയോ അല്ലാതെയോ വേറെ എവിടെയും ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണ്‌, കാരണം സോഫ്റ്റ്‌വെയര്‍, കോപ്പിറൈറ്റ്‌ ചെയ്യപ്പെടാവുന്ന, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ്‌; അത്‌ വാങ്ങുകയല്ല ലൈസന്‍സ്‌ ചെയ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌, എവിടെ എങ്ങനെ ഉപയോഗിക്കണമെന്നതിന്‌ ആപ്പിളിന്‌ അവരുടെ ലൈസന്‍സ്‌ ഡോക്യുമന്റ്‌ വഴി ഇന്‍സിസ്റ്റ്‌ ചെയ്യാം.


1. ആപ്പിള്‍ അവരുടെ എന്‍ഡ്‌ യൂസര്‍ ലൈസന്‍സ്‌ എഗ്രിമെന്റില്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ്‌ ബാധകമാണെന്നു പറയുന്നു. അതിനാല്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയ്രിന്റെ നിയമങ്ങള്‍ ബാധകമാണ്‌.

"Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase"

ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ബാധകമാണെന്ന് ആപ്പിളിന്‌ പറയുന്നത്‌ സ്വാഭാവികമായും ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിനെ(ഫേംവെയര്‍)പ്പറ്റിയാണ്‌, അല്ലാതെ കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ഫിസിക്കല്‍ കമ്മോഡിറ്റിയായ ഹാര്‍ഡ്‌വെയറിന്‌ ബാധകമാണെന്ന് പറയാനുള്ള നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യ, അത്തരമൊരു കേയ്സും കൊണ്ടുചെന്നാല്‍ ഒരു കോടതിയും അത്‌ ഫയലില്‍പ്പോലും എടുക്കില്ല (സംശയമുണ്ടോ? ഒരു കേയ്സെങ്കിലും കാണിച്ചുതരൂ!)
നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്റ്റിനും നിയമപരമായ നിലനില്‍പ്പില്ല. ഉദാഹരണത്തിന്‌ അഞ്ചുകിലോ കഞ്ചാവ്‌ എല്ലാ ഒന്നാംതീയതിയും വീട്ടിലെത്തിച്ചുതരാമെന്നും അങ്ങനെ എത്തിച്ചുതരുന്ന കഞ്ചാവ്‌ വാങ്ങിക്കൊള്ളാമെന്നും രണ്ടുപേര്‍ക്ക്‌ കരാറുണ്ടാക്കാം, പക്ഷേ ആരെങ്കിലുമൊരാള്‍ കരാര്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല.

3. സോഫ്റ്റ്‌വെയര്‍ തിരുത്തതുമൂലം ആപ്പിളിന്റെ ലൈസന്‍സ്‌ എഗ്രീമന്റ്‌ അവരുടെ കമ്പ്യൂട്ടറില്‍ ലിനക്സ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നയാള്‍ വയലേയ്റ്റ്‌ ചെയ്യുന്നു.
സോഫ്റ്റ്‌വെയര്‍ തിരുത്തുന്നില്ല, റീപ്ലേയ്സ്‌ ചെയ്യുന്നേയുള്ളൂ. സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ എഗ്രീമെന്റില്‍ എന്തുതന്നെ പറഞ്ഞാലും അത്‌ ഈ പ്രക്രിയയില്‍ പ്രസക്തമല്ല, എന്തെന്നാല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നെങ്കില്‍മാത്രമേ ലൈസന്‍സ്‌ വ്യവസ്ഥകള്‍ ബാധകമാവൂ, ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സില്‍ എന്തു പറഞ്ഞാലെന്ത്‌!

4. ToU വയലേഷന്‍ ലൈസന്‍സ്‌ വയലേഷനാണ്‌, violation of intended use നിയമവിരുദ്ധമാണ്‌
ഒന്നാമതായി ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ്ഡ്‌ അല്ല, ഹാര്‍ഡ്‌വെയര്‍ ഡിസൈനിനേ ഉള്ളൂ ലൈസന്‍സ്‌. ഇല്ലാത്ത ലൈസന്‍സ്‌ വയലേയ്റ്റ്‌ ചെയ്യാന്‍ പറ്റില്ലല്ലോ.

ഇനി violation of intended use നിയമവിരുദ്ധമാണ്‌ എന്ന വാദം.

ആകുന്ന സന്ദര്‍ഭങ്ങളുണ്ട്‌ പക്ഷേ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, അല്ല.

ഉദാഹരണത്തിന്‌ ഇറാഖിനുമേല്‍ ഉപരോധം നിലനില്‍ക്കുന്ന, മെഡിക്കല്‍ ഉപകരണങ്ങളൊഴിച്ച്‌ ഒന്നും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന, കാലത്ത്‌ ഡെന്റിസ്റ്റുകള്‍ ഉപയോഗിക്കുന്ന പ്രത്യേക കസേരയുടെ ഭാഗങ്ങള്‍ ഇറാഖ്‌ മിസൈല്‍ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. (വിവരം ശരിയോ തെറ്റോ ആവാം, ഒരുദാഹരണമായി എടുത്താല്‍ മതി). ഇവിടെ വയലേയ്ഷന്‍ ഓഫ്‌ ഇന്റെന്‍ഡഡ്‌ യൂസ്‌ നിയമവിരുദ്ധമാണ്‌, ഉപരോധത്തിന്റെ തെറ്റും ശരിയും മറ്റൊരു വിഷയമാണെങ്കിലും

മൈക്രോവേവ്‌ ഓവന്റെ മാന്വലില്‍ അതിന്റെ intended use വീടുകളിലെ അടുക്കളകളില്‍ ഉപയോഗിക്കലാണെന്ന് എഴുതിവച്ചുകണ്ടിട്ടുണ്ട്‌. കഫറ്റേരിയകളിലോ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉള്ള ഉപയോഗം ആവശ്യപ്പെടുന്നതരത്തിലല്ല അതു നിര്‍മ്മിച്ചിട്ടുള്ളത്‌. എന്നുവച്ച്‌ കഫറ്റേരിയയില്‍ വീട്ടിലെ അത്തരമൊരു മൈക്രോവേവ്‌ ഓവന്‍ ഉപയോഗിച്ചാല്‍ നിര്‍മ്മാതാവിന്‌ ഉപഭോക്താവിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല, വാറണ്ടിയോ സര്‍വീസോ നിഷേധിക്കാമെന്നല്ലാത്‌. കാരണം ഓവന്‍ ഉപഭോക്താവിന്‌ വിറ്റതാണ്‌, കോപ്പിറൈറ്റ്‌ നിയമങ്ങള്‍ അതിന്‌ ബാധകമല്ല. ഇനി കോപ്പിറൈറ്റ്‌ നിയമങ്ങള്‍ ബാധകമാണെന്ന് അഥവാ ഓവന്‍ നിര്‍മ്മാതാവ്‌ മാന്വലിലോ മറ്റോ എഴുതിവച്ചാലും കാര്യമില്ല, ഒരു ഫിസിക്കല്‍ കമ്മോഡി കോപ്പിറൈറ്റ്‌ ചെയ്യാന്‍ കഴിയില്ല, അതിന്റെ ഡിസൈന്‍ വേണമെങ്കില്‍ കോപ്പിറൈറ്റ്‌ ചെയ്യാം, മനുഫാക്ചറിംഗ്‌ പ്രോസസ്സോ പ്രോഡക്റ്റുതന്നെയോ പേയ്റ്റന്റ്‌ ചെയ്യാം.

ഇനി സമാനമായ ഉദാഹരണം കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടികളില്‍ നോക്കാം. കോപ്പിറൈറ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള ഡിവിഡികളുടെ മേല്‍ പൊതുപ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കരുതെന്ന് പ്രിന്റ്‌ ചെയ്തുകാണാറുണ്ട്‌. അത്തരമൊന്ന് അനുസരിക്കാന്‍ ഉപഭോക്താവ്‌ ബാധ്യസ്ഥനാണ്‌. കാരണം കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടി ലൈസന്‍സ്ഡ്‌ ആണ്‌, ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തിനും അതുപയോഗിക്കാന്‍ നിയമപരമായി കഴിയില്ല.

ഡിവിഡിക്ക്‌ കോപ്പിറൈറ്റുണ്ടെന്നുവച്ച്‌ ഡിവിഡി പ്ലേയറിന്‌ കോപ്പിറൈറ്റുണ്ടോ? ഏതൊക്കെ ഡിവിഡികള്‍ അല്ലെങ്കില്‍ സിനിമകള്‍ ഈ പ്ലേയറില്‍ കാണാന്‍ പാടില്ലെന്ന് നിര്‍മ്മാതാവിന്‌ ഇന്‍സിസ്റ്റ്‌ ചെയ്യാന്‍ കഴിയുമോ? ഇല്ല. പക്ഷേ സാങ്കേതികമായ നിയന്ത്രണങ്ങള്‍ സാധ്യമാണ്‌. ഉദാഹരണത്തിന്‌ ഡിവിഡി പ്ലേയറുകള്‍ക്ക്‌ റീജിയന്‍ ലോക്കിംഗ്‌ കാണാറുണ്ട്‌. അതല്ലാതെ, സാങ്കേതികമായ നിയന്ത്രണങ്ങളില്ലെങ്കില്‍, അതാത്‌ രാജ്യങ്ങളിലെ നിയമങ്ങള്‍ അനുവദിക്കുന്നതാണെങ്കില്‍, ഏതു ഡിവിഡിയും പ്ലേയറില്‍ കാണാം.

-------------------------

കോവാലകൃഷ്ണന്‌ അധിക്ഷേപങ്ങള്‍ തുടരാം, താങ്കള്‍ക്കിഷ്ടമില്ലാത്തത്‌ ആരെങ്കിലും സൂചിപ്പിച്ചാല്‍ "ഇതു ഞാന്‍ നിന്നോടു ചോദിച്ചില്ലല്ലോ" എന്ന് തിരിച്ചുചോദിക്കാം. താങ്കള്‍ക്ക്‌ മാത്രം വായികാനും താങ്കള്‍ മാത്രം അറിയാനുമല്ല താങ്കളുടെ ബ്ലോഗില്‍ എഴുതുന്നത്‌, അങ്ങനെയാണെങ്കില്‍ മെയിലയച്ചാല്‍ മതിയല്ലോ. അപ്പോള്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരാന്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ കമന്റെഴുതുന്നത്‌, വായിക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ്‌ പല വിവരങ്ങളും ചേര്‍ക്കുന്നതെന്നു മനസ്സിലാക്കിയാല്‍, അല്ലെങ്കില്‍ അംഗീകരിച്ചാല്‍, നന്നായിരുന്നു.

No comments: