Tuesday, November 4, 2008

"സമീപനരേഖ"യിലേക്കുള്ള കമന്റ്

"സമീപനരേഖ" എന്ന പോസ്റ്റിനുള്ള കമന്റാണ് ഇത്. പോസ്റ്റിലെ വിഷയവും കമന്റിലെ വിഷയവും സാമാന്യം വ്യത്യസ്തമായതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. പോസ്റ്റിനെപ്പറ്റി ചര്ച്ച ചെയ്യാന്‍ ദയവായി അവിടെത്തന്നെ പോകുക.


കമന്റ് വളരെ വൈകിപ്പോയെന്നറിയാം, ഇപ്പോഴേ എഴുതാന്‍ കഴിഞ്ഞുള്ളൂ - ദയവായി ക്ഷമിക്കുക.

ഈ ബ്ലോഗിന്റെ ക്രെഡിബിലിറ്റിയെത്തന്നെ ബാധിക്കുന്ന വിധത്തില് ഇതിലെ അംഗങ്ങള്‍‌ക്കെതിരെ പൊതുവെയും, ചന്ത്രക്കാറന്‍ എന്ന എനിക്കെതിരെ പ്രത്യേകിച്ചും, ചില ആരോപണങ്ങള്‍, മുന്‍പരിചയമില്ലാത്ത പേരുകളില്‍ പല കമന്റുകളിലായി കാണാന്‍ കഴിഞ്ഞു. ഒരു മറുപടി ഇത്തരക്കാര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന പ്രശ്നം നിലനില്ക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണകള്‍ അകറ്റേണ്ടത് ഒരാവശ്യമാണെന്നു തോന്നുന്നതിനാലാണ് ഈ കമന്റ്.

തുടര്‍ന്ന് പരാമര്‍‌ശിക്കപ്പെടുന്ന ബ്ലോഗ് പോസ്റ്റുകളുടെ ഒരു ലിസ്റ്റ് താഴെക്കൊടുക്കുന്നു, വായനക്കാരില്‍ ഈ പോസ്റ്റുകള്‍, പ്രത്യേകിച്ച് കമന്റുകള്‍ മുമ്പ് വായിക്കാത്തവര്‍ ധാരാളമുണ്ടാകുമെന്നു തോന്നുന്നു; അവ വായിക്കാനപേക്ഷ, അരോപണങ്ങള്‍ ഇത്രമാതരം തീവ്രവും വ്യക്തിപരവുമാവുന്നതിന്റെ കാരണങ്ങള്‍ അവിടെനിന്നും തുടങ്ങുന്നു.

1. മരണമൊഴി (എല്ലാ പോസ്റ്റുകളും)
2. ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?
3. ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും
4. അശ്ലീലത്തിന്റെ പ്രശ്നം
5. ഉമേഷിന്‌ സ്നേഹപൂര്‍വ്വം


ലിയോണാര്‍ഡ് , നാരായണന്‍ എന്നിവര് ആരാണെന്നും എന്ത് സാഹചര്യത്തിലാണ് ഇത്തരം രണ്ട് ബ്ലോഗര് ഐ.ഡി.കള്‍ ഉണ്ടായതെന്നും രണ്ടുവര്‍ഷത്തോളം മുമ്പ് ബാംഗ്ളൂരില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ ചന്ത്രക്കാറന്‍ വിശദീകരിച്ചിരുന്നു. അന്ന് മലയാളം ബ്ലോഗുകള്‍ "ബൂലോഗം" എന്ന അപഹാസ്യനാമധേയത്തില്‍ മാത്രമേ വിളിക്കപ്പെട്ടിരുന്നുള്ളൂ. സദാചാരം "കൊടികുത്തി"വാണിരുന്ന കാലം. തനിമലയാളം എന്ന ഒറ്റ അഗ്രഗേറ്ററില്‍നിന്നും പുറത്താക്കപ്പെടുകയെന്നാല്‍ ഒരാളുടെ ബ്ലോഗ് ജീവിതത്തിന്റെ അന്ത്യം കുറിച്ചിരുന്ന കാലം. (ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് ചിരി വരുന്നുണ്ടാകും, പക്ഷേ പിന്‍മൊഴിയില്‍ നിന്നും പുറത്താക്കുക, തനിമലയാളത്തില്‍നിന്നും പുറത്താക്കുക എന്നൊക്കെയുള്ള "സംജ്ഞ"കള്‍ സജീവമായി ചര്ച്ചചെയ്യപ്പെട്ടിരുന്ന ഒരു പരിഹാസ്യ-ദയനീയ അവസ്ഥ മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്കുണ്ടായിരുന്നു, മലയാളം "ബൂലോഗം" കുടുംബമായിരുന്നു, അതില്‍ കാരണവന്‍മ്മാരും അനന്തരവന്‍മാരും അമ്മായിമാരും അമ്മമാരും മുറച്ചെറുക്കന്‍മ്മാരും മുറപ്പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നു. പാട്ടക്കുടിയാന്‍മാരും ബ്ലോഗ് ചെറുമക്കളും കുടികിടപ്പുകാരും അതിനെ പുറമെനിന്നും പരിപാലിച്ചുപോന്നു. കാരണവന്‍മ്മാര്‍ക്കു മുമ്പില്‍ തറവാട്ടിലെ കുടിയാന്‍മാര്‍ കമന്റുരൂപത്തില്‍ എന്നും പാട്ടമളക്കുമായിരുന്നു. തറവാട്ടിലെ കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിക്കാന്‍ മാത്രം നിലവാരമുണ്ടായിരുന്ന പരട്ടക്കഥകളും കവിതകളും വിശ്വസാഹിത്യത്തിലെ മഹദ്‌സൃഷ്ടികളായി വാഴ്ത്തപ്പെട്ടിരുന്നു. ജാതിയിലും മതത്തിലും മുക്കിക്കുളിപ്പിച്ച വാദഗതികള്‍, സാംസ്കാരികലോകത്തിന് കുറച്ചുകൂടി ആക്സസ് ഉണ്ടായിരുന്നെങ്കില്‍ സാധാരണഗതിയില്‍ വായനക്കാരാല്‍ കൊന്നുകൊലവിളിക്കപ്പെടുമായിരുന്ന സെക്ടേറിയന്‍ വാദങ്ങള്‍, നാണം കെട്ട സ്നോബറി - ചുരുക്കിപ്പറഞ്ഞാല്‍ ഒരു എം.ടി. നോവലിലെ കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തിവേണമായിരുന്നു അക്കാലത്ത് ബ്ലോഗെഴുതാന്‍ (അതെ കൃത്യമായും എം.ടി.നോവലിലെ കുടുംബം തന്നെ, ആരും ആരെയും അച്ഛനെന്നു വിളിച്ചിരുന്നില്ല!).

ഇത്തരമൊരവസ്ഥയില്‍ സ്വതന്ത്രമായ ആശയപ്രകാശനം മിക്കവാറും അസാധമായിരുന്നു, പ്രത്യേകിച്ചും സന്ദേഹിയായ ഒരാള്‍ക്ക്. ലീനിയാരിറ്റിയുടെയും ബൈനറികളുടെയും പരിമിതികളില്‍ കുടുങ്ങിക്കിടന്നിരുന്ന അന്നത്തെ "ബൂലോഗ"ത്തില്‍ ഒരു വ്യക്തിയുടെ ആശയപരവും രാഷ്ട്രീയവുമായ ആന്തരികസംഘര്‍ഷങ്ങള്‍ അതിന്റെ മൌലികതയില്‍ പ്രകടിപ്പിക്കപ്പെടുക എന്നത് അസാധ്യമായിരുന്നു. അഭിപ്രായങ്ങള്‍ പലപ്പോഴും അപ്രോക്സിമേഷന്‍സ് ആണെന്നും അവ പ്രകടിപ്പിക്കുന്നത് പലപ്പോഴും വാലിഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞുമനസ്സിലാക്കുന്നതിലും എളുപ്പമായിരുന്നു പൂര്‍ണ്ണമായും തന്റേതല്ലാത്ത, അതേ സമയം സ്വാഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമല്ലാത്ത, അഭിപ്രായങ്ങളെ പ്രകടിപ്പിക്കാന്‍ രണ്ടു ബ്ലോഗര് ഐ.ഡി.ഉണ്ടാക്കുകയെന്നത്. അങ്ങനെയാണ് നാരായണനും ലിയോണാര്‍ഡും ഉണ്ടാകുന്നത്. അത്രയേ ഉള്ളൂ. ആരെയും തെറിവിളിക്കാനുണ്ടാക്കിയതല്ല ആ ഐ.ഡി.കള്‍.

സാധ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും ഈ കുടുംബഘടനയെ ചന്ത്രക്കാറനടക്കമുള്ളവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചിലപ്പോഴെങ്കിലും ഫലപ്രദമായ ബദലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് (വിമതന്‍, രാധേയന്‍, കൂമന്‍, നളന്‍, കണ്ണൂസ്, മറിയം, വളയം, ബെന്നി, പരാജിതന്‍, യാത്രാമൊഴി, റോബി... ഓര്‍മ്മ പൂര്‍ണ്ണമല്ല, ലിസ്റ്റും). മറ്റു ജനാധിപത്യസംവിധാനങ്ങളെപ്പോലെത്തന്നെ ബ്ലോഗും അല്‍പ്പകാലത്തിനുശേഷം ഉത്തരം കഷ്ടപ്പെട്ടുതാങ്ങിയിരുന്ന പല്ലികളെ നിര്‍ബന്ധിച്ച് താഴെയിറക്കി പിന്നെയും ഉത്തരം പുല്ലുപോലെ നില്‍ക്കുന്നതു കാട്ടിക്കൊടുത്തു. ചിലര്‍ ചെടിച്ചു, മറ്റുചിലര്‍ പിണങ്ങി. ഫ്യൂഡല്‍ കുടുംബാധികാരഘടന തകരുകയും ഇല്ലാത്ത "ബൂലോഗ"തറവാട്ടില്‍നിന്നും കാരണവന്‍മാര്‍ തെരുവിലിറക്കപ്പെടുകയും ചെയ്തു. അന്ന് തിരുവായ്ക്കെതിര്‍വായയില്ലാതെ കുടുംബത്തെ അടക്കിഭരിച്ചിരുന്നവര്‍ ഇന്ന് അകത്തുകയറാന്‍ തലയില്‍ കോപ്പില്ലാതെവന്നപ്പോള്‍ ബ്ലോഗിന്റെ പടിക്കല്‍നിന്നു കുരക്കാന്‍ മാത്രം കഴിയുന്ന "കാവല്‍പ്പട്ടി"കളായി. ജനാധിപത്യബോധം വേരോടിയ, തുടക്കത്തില്‍ വിമുഖതയോടുകൂടിയാണെങ്കിലും ബഹുസ്വരത സ്വീകാര്യമായിത്തുടങ്ങിയ ഇന്നത്തെ മലയാളം ബ്ലോഗ് അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുതോന്നിയവര്‍ മോണോലോഗുകള്‍ക്കുള്ള ഇടങ്ങള്‍ അന്വേഷിച്ചുപോകുകയോ ബ്ലോഗിംഗ് നിര്‍ത്തി ഇത്തരത്തില്‍ വാച്ച് ഡോഗുകളായി വേഷംമാറി മാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നു. "അമ്മാവന്‍ സീന്‍‌ഡ്രോം" (കട:സൂരജ്) ബാധിച്ച ചിലര്‍ "കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും \ എന്നോളമായാലടങ്ങും" എന്ന വരികളുടെ ബ്ലോഗ് പാരഡികള്‍ പാടിനടക്കുന്നു.

ഇതൊന്നും ആരുടെയും പ്രത്യേക ശ്രമഫലമായി സംഭവിച്ചതെന്നു കരുതാനാവില്ല, പലരും ഇത്തരമൊരു മാറ്റത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും. ഒരു സ്വകാര്യ ഇടം എന്ന നിലയില്‍നിന്നും സാമൂഹികവ്യവഹാരങ്ങള്‍ക്ക് ഉപയുക്തമായ പബ്ളിക് സ്‌ഫിയറിലേക്ക് ബ്ലോഗ് മലയാളം വളര്‍ന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതുകൂടിയാണാ മാറ്റം. കൊള്ളാവുന്നവര്‍ പുതുതായി വന്നപ്പോള്‍ അല്പവിഭവരായ പഴയവരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാന് കഴിഞ്ഞില്ലെന്നുമാത്രം, പിടിച്ചുനിന്നവരില്‍ ചിലര്‍ക്കാണെങ്കില് പഴയ ആ ഫ്യൂഡല്‍ ബ്ലോഗിന്റെ നൊസ്റ്റാള്‍ജിയ ഒരു സുഖമുള്ള ഓര്‍മ്മയാണുതാനും. അവരാണ് ബ്ലോഗിന്റെ ചരിത്രം എന്ന് നിവൃത്തിയുള്ളപ്പോഴൊക്കെ അയവിറക്കിക്കൊണ്ടിരിക്കുന്നത്. ബ്ലോഗെഴുതാന്‍ വരുന്നയാളെന്തിന് ബ്ലോഗിന്റെ ചരിത്രമറിയണം? ബ്ലോഗെന്താ വല്ല സംഘടനയോ പ്രസ്ഥാനമോ ആണോ? അല്ല. അപ്പോള്‍ അതല്ല കാര്യം, "ഞങ്ങള്‍ ചിലരൊക്കെയാണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന് നീയൊക്കെ അറിയണമെ"ന്നുള്ള പരോക്ഷമായ തറവാടിത്തഘോഷണമാണത്.

ലിയോണാര്‍ഡും നാരായണനും ആരാണെന്ന് ചന്ത്രക്കാറന്‍ വെളിപ്പെടുത്തി കുറെക്കാലം കഴിഞ്ഞ് (ഏതാണ്ടൊരു കൊല്ലം എന്നാണോര്‍മ്മ) മേല്‍പ്പറഞ്ഞ "ബൂലോഗതറവാട്ടു"കാരണവരിലൊരാള്‍ ആരാണെന്ന് ഇവരെന്ന് അദേഹം കണ്ടെത്തിയതായി എവിടെയോ പ്രഖ്യാപിച്ചിരുന്നതായും ഓര്‍ക്കുന്നു.(ഒരു ദശാബ്ദം ഐ.പി.കൊണ്ടു ജീവിച്ചവനെ ഐ.പി.പിടിച്ചെന്നുംപറഞ്ഞ് പേടിപ്പിക്കുന്നതില്‍ തമാശയുണ്ടായിരുന്നു!). ലിയോണര്‍ഡും നാരായണനും കമന്റുകള്‍ ഇട്ടിട്ടുള്ളത്, എന്റെ ഓര്‍മ്മ ശരിയാണെങ്കില് രണ്ടുവീതം ബ്ലോഗ് പോസ്റ്റുകളിലാണ്. ഇരുതലവിഷപ്പാമ്പെന്ന് വാച്ച് ഡോഗ് ആരോപിച്ച ഈ രണ്ടു ബ്ലോഗ് ഐ.ഡികളില്‍ വന്നിട്ടുള്ള കമന്റുകള്‍ മുകളിലുള്ള ലിങ്കുകളില്‍ കാണാവുന്നതാണ്, "വിഷം" എത്രത്തോളമുണ്ടെന്ന് വായനക്കാര്‍ തീരുമാനിക്കുക - വിഷം ആരോപിച്ചവര്‍ ആരൊക്കെയാകാമെന്നും!

അതുല്യ എന്ന ബ്ലോഗറെ "വിമര്‍ശി"ച്ച് (വാച്ച് ഡോഗിന് ക്രിറ്റിസിസം ക്ലാസെടുത്തിരുന്നത് രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നിരിക്കണം!) പ്രവീണ്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റില്‍ അയാളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ചന്ത്രക്കാറന്റെ കമന്റ് തപ്പിയിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃദുല്‍ രാജ് മുകളിലിട്ട കമന്റിലുള്ള ലിങ്കില്‍ പോയി നോക്കിയപ്പോള്‍ അവിടെ കമന്റുകളെല്ലാം അദൃശ്യമാക്കിയിരിക്കുന്നു. "സാധു പയ്യന്‍" എന്ന് വാച് ഡോഗ് വിശേഷിപ്പിച്ച ബ്ലോഗറെയും അദ്ദേഹത്തിന്റെ പോസ്റ്റുകളും എത്തരത്തിലുള്ളതാണെന്ന് വായനക്കാര്‍ തീരുമാനിക്കുക. ആരേയും ജീവിതത്തിലിന്നുവരെ മാംസപിണ്ഡത്തെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അയാളോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നുറപ്പാണ്‌, ആരോപണം ഉന്നയിച്ചവര്‍ തന്നെ അതിനുള്ള തെളിവും നല്‍കട്ടെ. ദയവായി തല്ലുമെന്ന് ഭീഷണിപ്പെടുത്തി ചന്ത്രക്കാറനെഴുതിയ കമന്റ് പ്രസിദ്ധീകരിക്കുക. വാച്ച് ഡോഗിന്റെ കൈവശമുള്ള ചാറ്റുകളും മെയിലുകളും ഹെഡറുകള്‍ സഹിതം പ്രസിദ്ധീകരിക്കുക (പ്രതേകം ശ്രദ്ധിക്കുക - ഹെഡറുകള്‍ സഹിതം. വെറുതെ ഒരു ടെക്സ്റ്റ് അടിച്ചുണ്ടാക്കി ഞങ്ങളാരെങ്കിലും അയച്ചതാണെന്നും പറഞ്ഞ് പൂശിയിട്ട് കാര്യമില്ല!). ഞങ്ങളൊക്കെ നടത്തിയ വ്യക്തിഹത്യകള്‍ എല്ലാവരും കാണട്ടെ. അവയൊക്കെ ദയാപൂര്‍വ്വം രഹസ്യമാക്കിവയ്ക്കാന്‍ ഞങ്ങളാരും താങ്കളോടോ മറ്റാരോടെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല.

ബൂലോകക്ലബ്, ഞാനോ എന്റെ സുഹൃത്തുക്കളോ തട്ടിയെടുത്തുവെന്ന് ആദ്യം അറിയുന്നത് എന്റെ ബ്ലോഗില്‍ ആരുടെയൊക്കെയോ ഛായയുണ്ടായിരുന്ന ഒരനോണി പറഞ്ഞപ്പോഴാണ് , ഇപ്പോളിതാ ഇവിടെ വീണ്ടും. ("കുട്ടീ നിന്റെ അച്ഛനില്ലേ, അതും ഞാനാ" എന്ന വി.കെ.എന്‍. വചനം വീണ്ടും സ്മര്യം!). ഈപ്പറഞ്ഞ ക്ലബ്ബില്‍ ചന്ത്രക്കാറന്‍ മെമ്പറായിരുന്നില്ല, ആകാന്‍ ബ്ലോഗില്‍ വന്ന കാലം മുതല്‍ ഒരിക്കലും താല്പ്പര്യം കാണിച്ചിട്ടുമില്ല. ഒരഴുക്കുചാലായിട്ടേ അതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ, അഴുക്കുചാല്‍ കൈവശപ്പെടുത്തേണ്ട ബൌദ്ധികഗതികേടുള്ളവരല്ല ഈ ബ്ലോഗിലെ അംഗങ്ങളാരുംതന്നെ.

മരണമൊഴി ബ്ലോഗിങ്ങ് നിര്‍ത്തിയതെന്തുകൊണ്ട് എന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ത്തന്നെ വ്യക്തമാണ്, അതിന്റെ ഉത്തരവാദികള്‍ ആരാണെന്നതും. അവിടെ ഡെലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ പിന്‍മൊഴിയില്‍ ഉണ്ടെങ്കില്‍ ആരുടെയെങ്കിലും മെയില്‍ ബോക്സില്‍ കാണും. എന്തിനാണ് അവിടെയും വാച്ച് ഡോഗ് പുകമറ സൃഷ്ടിക്കുന്നത്?

ചന്ത്രക്കാറന്‍ ഇന്ത്യാഹെറിറ്റേജിനെ വിമര്‍‌ശിച്ചിട്ടില്ല, പരാമര്‍ശിച്ചിട്ടേയുള്ളൂ. ("അങ്ങനെ എന്റെ കൈ കൊണ്ടു ചത്തിട്ട് നിന്റെ പ്രതിമ കൊച്ചീല് വരണ്ട" എന്ന് ബിഗ് ബി യില്‍ മമ്മുട്ടി!) ജ്യോതിഷത്തിന്റെ ശാസ്ത്രീയത പഠിക്കുന്നത്, ഇന്ത്യാഹെറിറ്റെജിനെ വിമര്‍ശിക്കുന്നത്, കടലിലെ തിരയെണ്ണുന്നത് - മനുഷ്യന് വേറെ പണിയുണ്ട് കാവല്‍നായേ.

കഴുതപ്പുറത്ത് പുള്ളികുത്തി നടത്തി എന്നൊക്കെ തോന്നുന്നത് ആ പരാമര്‍ശത്തെയാണെങ്കില്‍ അവിടെ വിമര്‍ശിക്കപ്പെട്ട ഉമേഷ് എന്തൊക്കെ പറയണം? പലപേരുകളില്‍ കിട്ടുന്നിടത്തെല്ലാം വന്ന് ഈ ബ്ലോഗിലെ അംഗങ്ങളെ തെറിപറയുന്നവരെ എന്തൊക്കെ വിളിക്കണം?

അപ്പോള്‍ പറഞ്ഞപോലേ കാവല്‍നായേ - എല്ലാ തെളിവുകളും ഹാജരാക്കുക, ഞങ്ങളോട് ദയ കാണിക്കേണ്ടതില്ല. വെറുതെ ടെക്സ്റ്റ് പടച്ചുണ്ടാക്കിയേക്കരുത് - മുന്‍പേ പറഞ്ഞ വി.കെ.എന്‍ വചനം ഞങ്ങളൊന്നുകൂടി ഓര്‍മ്മിപ്പിക്കും അങ്ങനെ വല്ലതും ചെയ്താല്‍. ടെക്സ്റ്റ് ഒരു ഇലക്ട്രോണിക്‍ എവിഡന്സല്ലല്ലോ!